ലക്നോ: വാരാണസിയിലെ കോളജിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ബിരുദ വിദ്യാർഥി സൂര്യ പ്രതാപ് സിംഗി (23) നെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മഞ്ജീത് ചൗഹാനാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം മഞ്ജീത് ഒളിവിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സൂര്യയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിൽ കോപാകുലരായ വിദ്യാർഥികൾ കോളജിലെ ഫർണിച്ചറ്റുകൾ തല്ലിത്തകർക്കുകയും പ്രിൻസിപ്പലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ കോളജ് പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.